“കത്തോലിക്കാ ബിഷപ്പുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ നടത്തിയിട്ടുള്ള കള്ളപ്രചരണങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പു ചോദിക്കുമെന്നാണ് കരുതുന്നത് “- മന്ത്രി എ.കെ.ബാലന്‍.
“നിങ്ങള്‍ക്കെതിരേ ചെങ്കല്‍ചൂളയില്‍ നിന്നു ഞാന്‍ ആളെ ഇറക്കും. മര്യാദകേട് കാണിച്ചാല്‍ ഞാനും മര്യാദകേടു കാണിക്കും. ഞാന്‍ സിപിഎമ്മുകാരനാണെന്നകാര്യം ഓര്‍മ്മവേണം, സിപിഎമ്മുകാരനോടു കളി വേണ്ട”- വി.ശിവന്‍കുട്ടി എംഎല്‍എ.
“റോഡരുകില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ അവര്‍ രാജിവച്ചൊഴിയണം”- എം.പി.ജയരാജന്‍ (സിപിഎം സംസ്ഥാന കമ്മിറ്റിയംഗം).
കഴിഞ്ഞിട്ടില്ല, ഭരണപക്ഷത്തു നിന്നും ഇനിയും പല പ്രസ്താവനകളും വരാനുണ്ട്. നമ്മള്‍ വോട്ട് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ എന്ന നിലയില്‍ സമചിത്തതയോടെ ആലോചിക്കുമ്പോള്‍ എന്താണ് ഇവരുടെ പ്രശ്നം എന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഒരുത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക നിലവാരവും വിദ്യാഭ്യാസവിലവാരവും ചിന്താശേഷിയുമൊക്കെ ഇക്കാലമത്രയും നിശ്ചലമായിരുന്നു എന്നും തങ്ങള്‍ പറയുന്നത് ന്യായവാദങ്ങളാണെന്ന മട്ടില്‍ സ്വീകരിച്ച് ജനം കയ്യടിക്കുമെന്നോ ഇവര്‍ കരുതിയിരിക്കുകയാണോ ? അല്ലെങ്കില്‍ ജനങ്ങള്‍ എന്നവകാശപ്പെടുന്നവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും കണക്കിലെടുക്കേണ്ടെന്നോ അടിച്ചമര്‍ത്തണമെന്നോ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഈ അസഹിഷ്ണുത ഇന്ത്യന്‍ ജനാധിപത്യവും കമ്യൂണിസ്റ്റ് ഭരണസംവിധാനവും തമ്മിലുള്ള പൊരുത്തക്കേടിന്‍റേതാവും എന്നും ഊഹിക്കാം. അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തോടുള്ള അസഹിഷ്ണുത, കോടതിയോ മാധ്യമങ്ങളോ എന്തുമാകട്ടെ, സിപിഎം നിയന്ത്രണത്തിലല്ലാതുള്ളതെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണ് എന്ന തിവ്രവാദനിലപാട് ആണ് ഭരണപക്ഷത്തു നിന്ന് ഉണ്ടാകുന്നതെങ്കില്‍ അത് ജനങ്ങള്‍ക്കു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നത് നിസംശയം പറയാം.
ഇടതോ വലതോ എന്ന വ്യത്യാസമില്ലാതെ രാഷ്ട്രീയനേതൃത്വം തങ്ങളെ രക്ഷിക്കുമെന്ന് ജനതയ്‍ക്കു വിശ്വാസമില്ലാതായിട്ടു കാലങ്ങളായി. അണികള്‍ എന്ന പേരില്‍ കൂടെക്കൊണ്ടു നടക്കുന്ന തൊഴില്‍രഹിതരായ ഒരു സമൂഹത്തെ സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ പരിച്ഛേദമായി കരുതിയിട്ടാണോ ഇവര്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനകരമായ ഇത്തരം പ്രസ്താവനകള്‍ പുറത്തിറക്കുന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം ഭരണത്തില്‍ നിന്നിറങ്ങേണ്ട താമസമേയുള്ളൂ, യുഡിഎഫ് നേതൃത്വം വരുന്നതോടെ ഇവിടെ നല്ലകാലം വരും എന്നാരും വൃഥാ മോഹിക്കുന്നില്ല. ഭരണം കിട്ടിയേക്കുമെന്ന വിദൂരസാധ്യത മുന്നില്‍ കണ്ട് യുഡിഎഎഫ് ക്യാംപില്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തും തുടങ്ങിക്കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പോലും നിലകൊള്ളാന്‍ കഴിയാത്ത ഒരു മുന്നണി സംസ്ഥാന ഭരണം നേരെ ചൊവ്വേ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. പക്ഷെ ഒന്നുണ്ട്, എ ഗ്രൂപ്പുകാരന്‍ ഐ ഗ്രൂപ്പുകാരനെതിരെയും ഐ ഗ്രൂപ്പുകാരന്‍ നേരെ തിരിച്ചും കേരളാ കോണ്‍ഗ്രസുകാര്‍ പരസ്പരവും തെറി വിളിച്ചു കഴിഞ്ഞിട്ട് പിന്നെ സമൂഹത്തെയോ കോടതിയെയോ മാധ്യമങ്ങളെയോ വെല്ലുവിളിക്കാനുള്ള സമയം അഞ്ചു വര്‍ഷത്തിനിടയില്‍ യുഡിഎഫിനു കിട്ടിയെന്നു വരില്ല. ജനത്തെ വെറുപ്പിക്കുകയല്ലാതെ പ്രകോപിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യവുമില്ല.
കംപ്യൂട്ടറിനെതിരെ സമരം ചെയ്ത ഒരു രാഷ്ട്രീയനിലപാട് ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവനെ പിടികൂടാന്‍ ഐജിയെ അന്യരാജ്യത്തേക്കു പറഞ്ഞയക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ, ആധുനികതയ്‍ക്കു പുറം തിരിഞ്ഞു നിന്നുകൊണ്ട്, തുറന്ന നിലപാടുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനവും ലോകത്ത് നിലനിന്നിട്ടില്ല. കാലത്തിനനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറാവാത്തതാണ് സിപിഎമ്മിന്‍റെ പ്രശ്നം എന്നു പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. കാലം എങ്ങോട്ടു പോകുന്നു എന്നറിയാവുന്ന ആരെങ്കിലും ആ മുന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം തകരാറുകള്‍ സംഭവിക്കില്ലായിരുന്നു എന്നു തോന്നുന്നു.
എബിസിഡി മുഴുവന്‍ അറിയാവുന്ന മന്ത്രിമാരോ, അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഇല്ലാത്ത പ്രവര്‍ത്തകരോ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂഷണമല്ല എന്നിരിക്കെയാണ് ഈ നൂറ്റാണ്ടില്‍ ഇത്ര വിസ്മയകരമായ പ്രസ്താവനകള്‍ വഴി നേതാക്കള്‍ സ്വന്തം അഞ്ജതയും വിവരക്കേടും അല്‍പത്തരവും പരസ്യമായി പ്രഖ്യാപിക്കുന്നത്. എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ‘ചെങ്കല്‍ച്ചൂളയില്‍ നിന്നാളെയിറക്കാം’ എന്ന വിശ്വാസമാണോ പാര്‍ട്ടിയുടെ അടിത്തറ ? സമചിത്തതയോടെ ഒരു ചര്‍ച്ചയില്‍ ഭാഗഭാക്കാവാനുള്ള മാനസിക വളര്‍ച്ചപോലുമില്ലാത്ത നേതാക്കള്‍ ഉത്തരം മുട്ടുമ്പോള്‍ രാഷ്ട്രീയഭീഷണി മുഴക്കുന്നത് കേരളം പലതവണ കണ്ടു കഴിഞ്ഞതാണ്. രക്തസാക്ഷികളുടെ ഗാനം പാടി അടിസ്ഥാനവര്‍ഗത്തെ ഉപയോഗിക്കുന്ന പാര്‍ട്ടി അതിന്‍റെ ഭീകരമുഖം വെളിവാക്കുമ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്ന സമൂഹത്തിന് ചിലപ്പോള്‍ സ്വന്തം സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നുവെന്നത് നിസ്സഹായമാണ്.
സക്കറിയയും സി.ആര്‍ നീലകണ്ഠനും ആക്രമിക്കപ്പെട്ടതുപോലെയല്ല, സ്വന്തം കിടപ്പാടത്തിനു വേണ്ടി കിനാലൂരില്‍ പ്രതികരിച്ച പാവങ്ങളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്. അവര്‍ തല്ലുചോദിച്ചു വാങ്ങിയതാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവിയുടെ പ്രസ്താവനയോടെ നീതിയുടെ കമ്യൂണിസ്റ്റ് ഭാഷ്യവും നമ്മള്‍ കേട്ടു. സിപിഎമ്മിനു വഴങ്ങാത്ത ഹൈക്കോടതിയോടാണ് ഇപ്പോള്‍ വെല്ലുവിളി. അമേരിക്കക്ക് അനൂകൂലമല്ലാത്തവരെല്ലാം അമേരിക്കയുടെ ശത്രുക്കളാണ് എന്നു പറഞ്ഞതുപോലെ സിപിഎമ്മിനു ഏറാന്‍ മൂളാത്തവരൊക്കെയും സിപിഎമ്മിന്‍റെ ശത്രുക്കളാണ് എന്ന അന്ധവിശ്വാസം സാധാരണജനങ്ങള്‍ എത്ര വലിയ അപകടത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്നു വ്യക്തമാക്കുന്നു. കോടതിയെയോ മാധ്യമങ്ങളെയോ ജനങ്ങളെയോ വിലമതിക്കാത്ത ഒരു ഭരണകൂടത്തിനു കീഴില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി നിശബ്ദത പാലിക്കുക എന്നതു മാത്രമാണ് സാധാരണക്കാരന് സ്വീകരിക്കാവുന്ന മാര്‍ഗം.
ഒരു ഭരണകൂടമെന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ വച്ചു കളിക്കുന്ന പാര്‍ട്ടി സംവിധാനവുമാണെന്ന വിശ്വാസം കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മന്ത്രിസഭയില്‍ പാര്‍ട്ടിക്കുണ്ടാക്കാവുന്നതിനെക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോഴേ പ്രതിപക്ഷം ഭരണത്തില്‍ ഭാഗഭാക്കാവുകയുള്ളൂ. സ്വയം ഷണ്ഡീകരിക്കപ്പെട്ട പ്രതിപക്ഷത്തിനും അതിന്‍റെ നേതാക്കന്‍മാര്‍ക്കും കേരളത്തിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ തുല്യമായ പങ്കുണ്ട്. ലാഭമുള്ള ബിസിനസുകള്‍ മാത്രം ചെയ്യുന്ന പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല. നിലവാരമില്ലാത്ത, ദുര്‍ബലമായ പത്രക്കുറിപ്പുകള്‍ ഇറക്കി താന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഇനിയൊരു മുഖ്യമന്ത്രിയോ മന്ത്രിയോ പോലുമാകാനുള്ള യോഗ്യതയില്ലാത്തവനാണെന്നു തെളിയിച്ചു കഴിഞ്ഞു.
ശേഷം, ജനങ്ങള്‍ക്ക് മുന്നിലുള്ളത് അപകടകരമായ അരാഷ്ട്രീയവാദം മാത്രമാണ്. വര്‍ഗീയസംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും നേരിട്ടുള്ള ഇടപെടല്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് രാഷ്ട്രീയകക്ഷികള്‍ അത്രത്തോളം അധപതിക്കുമ്പോഴാണ് എന്ന് നേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നയിക്കാന്‍ ആരുമില്ലാത്ത ഒരു ജനത നാശത്തിലേക്കാണ് പോകുന്നത്. രാഷ്ട്ട്രീയനേതൃത്വം അതില്‍ പരാജയപ്പെടുമ്പോള്‍, ജനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവിടെ മതനേതാക്കള്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികമാണ്. മതം പിടിമുറുക്കിയാല്‍, പിന്നൊരിക്കലും രാഷ്ട്രീയക്കാരന് സമൂഹത്തില്‍ തിരിച്ചുവരാനാവില്ല എന്നത് നേതാക്കന്‍മാര്‍ ഓര്‍ത്താല്‍ നന്ന്. സാമൂഹിക-സാംസ്കാരിക പുരോഗതിക്കു പകരം സാമുദായിക പുരോഗതിലധിഷ്ഠിതമായി മതനേതാക്കള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാര്‍ രംഗത്തുവരും. പിന്നെ എന്തുണ്ടാവുമെന്നതിനെ പറ്റി ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല.
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതോ മാനേജ്മെന്‍റും മാര്‍ക്കറ്റിങും അറിയാത്തതോ അല്ല നേതാക്കന്‍മാരുടെ പ്രശ്നം. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനസേവകരായ ആളുകള്‍ ഉണ്ടാവണമെന്ന വിഡ്ഡിത്തവും ഇന്നാരും പറയില്ല. രാഷ്ട്രീയം ഒരു പ്രഫഷനും ബിസിനസ്സും ആണ്. ഗുണ്ടായിസവും പൊട്ടന്‍കളിയും മറ്റേതു വ്യവസായവും പോലെ രാഷ്ട്രീയത്തെയും തകര്‍ക്കും. ഏത് ബിസിനസ്സും പ്രഫഷനും വിജയിക്കുന്നത് അത് കാലോചിതമാകുമ്പോഴാണ്. കേരളത്തില്‍ ഭരിക്കുന്നത് ആരായാലും അവര്‍ എപ്പോഴും 30 വര്‍ഷമെങ്കിലും പിന്നിലായിരിക്കും. കുറച്ചൊക്കെ കാലോചിതമായി ഭരിച്ചത് കെ.കരുണാകരനും ഇ.കെ.നായനാരും മാത്രമാണെന്നു തോന്നുന്നു. ജനങ്ങളെ ഭരണം കൊണ്ട് ഉദ്ധരിക്കാനൊന്നും ആരും നില്‍ക്കേണ്ട, അവരെ പീഡിപ്പിക്കാതിരിക്കാന്‍, അവര്‍ക്ക് ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാത്രം വളരെ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. നികുതിപ്പണം മുഴുവന്‍ നിങ്ങള്‍ പങ്കിട്ടെടുത്തോളൂ…. പ്ലീസ് ഞങ്ങളെ ഉപദ്രവിക്കരുത് !
courtesy: http://berlytharangal.com

No comments:
Post a Comment