Welcome

6/14/11

എറണാകുളത്ത് വിശ്വസിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍....




**പൈ ദോശ -


കചെരിപടിയില്‍ നിന്ന് എം.ജി റോഡിലൂടെ വരുമ്പോള്‍ പത്മ ജങ്ക്ഷന്‍ കഴിഞ്ഞ്

ഇടതു വശത്ത് ശങ്കെസ് ബുക്ക് ഷോപ്പ് കാണും. അവിടെന്നു ഇടത്തേക്ക്
തിരിയുംബോഴാണ് പൈ ദോശ. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ്
പ്രവര്‍ത്തന സമയം. വെജ്ജും നോണ്‍-വെജ്ജും അടക്കം 57 വറൈറ്റി ദോശകളുണ്ട്.
കുടിക്കാന്‍ രസ്ന കലക്കിയ ഒരു പാനീയം "ഡ്രിങ്ക്സ്" എന്ന് ചോദിച്ചാല്‍
കിട്ടും. ദോശയുടെ കൂടെ നല്ല കോമ്പിനേഷന്‍ ആണ്. പോക്കറ്റ് കീറാതെ
ആഘോഷമാക്കാം.

**അമ്ബിസാമി -


മസാല ദോശ ദോശ അമ്ബിസാമിയില്‍ നിന്ന് കഴിക്കണം. മസാലയുടെ കൂട്ട് തനതു

രീതിയില്‍ ഇന്നും നിലനിര്‍ത്തി പോരുന്നതാണ് അമ്പിസാമിയുടെ വിജയം. വേകാത്ത
ഉരുളനും, പെറുക്കി മാറ്റാന്‍ കച്ചറകളും ഉണ്ടാവില്ല. ചട്ണി എന്ന്
പറഞ്ഞാല്‍ ചട്ണി തന്നെ. ഒരു ഫില്‍ട്ടര്‍ കോഫി കൂടെ കുടിച്ചാല്‍ കുശാല്‍.
അമ്ബിസാമിയും കഴുത്തറുക്കില്ല. എം.ജി റോഡിലൂടെ തെവരയിലേക്ക് വരുമ്പോള്‍,
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കഴിഞ്ഞ് 3 കിലോമീട്ടരിനുള്ളില്‍ ഇടതു
വശത്ത് അംബിസാമി ഉണ്ടാവും.

**ഉലകം ചുറ്റും ബാലാജി


കലൂരില്‍ നിന്ന് വരുമ്പോള്‍ കലൂര്‍-കടവന്ത്ര പാലം ഇറങ്ങിയ ഉടനെ വലതു

വശത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയാല്‍ ബാലാജിയുടെ
സ്ഥലമായി. ഭാര്യയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച ചിത്രങ്ങള്‍, പേപ്പര്‍
കട്ടിങ്ങുകള്‍ എല്ലാം അഭിമാനപൂര്‍വ്വം ചെറിയ തട്ടുകടയില്‍ അലങ്കരിച്ചു
വെച്ചിട്ടുണ്ട്. ഇഡലിയും ദോശയും ചൂടോടെ കിട്ടും. ബാലാജിയുടെ പ്രവര്‍ത്തന
സമയം പ്രവചിക്കാന്‍ ഒക്കില്ല. ഉണ്ടാക്കിയ സാധനങ്ങള്‍ തീര്‍ന്നാല്‍
കടയടച്ചു വീട്ടില്‍ പോവും. ബാലാജിയുടെ ഭക്ഷണം കഴിക്കാന്‍ ഭാഗ്യം കൂടെ
വേണം.

**ഊട്ടുപുര


ഇടപള്ളിയില്‍ നിന്നും ഹൈവേയിലൂടെ വരുമ്പോള്‍ ഒബറോണ്‍ മാളിന് ശേഷം വലതു

വശത്താണ് ഊട്ടുപുര. തുടങ്ങിയിട്ട് അധികം നാള്‍ ആയില്ലെങ്കിലും,
ഊട്ടുപുരയിലെ വെജിറ്റെറിയന്‍ ഭക്ഷണവും, അമ്പലങ്ങളിലെ ഊട്ടുപുര പോലെ
ഒരുക്കുയിട്ടുള്ള ഉള്‍വശവും, വളരെ മാന്യമായ സര്‍വീസും ഊട്ടുപുരയിലേക്കു
ആളെ ആകര്‍ഷിക്കും. വില കുറച്ചു കത്തിയാണ്.

**കലൂര്‍ മണപാട്ടിപറമ്പ് തട്ട്.


രാത്രി വൈകിയാണെങ്കില്‍ ദോശ കഴിക്കാന്‍ മറ്റെങ്ങും പോവണ്ട. കലൂര്‍ ബസ്

സ്ട്ടാണ്ടിനടുത്തു മണപാട്ടി പറമ്പിലേക്ക് തിരിയുമ്പോള്‍ തന്നെ ഒരു
തട്ടുണ്ട്. ചുട്ട ദോശ ചട്ടിയില്‍ നിന്നും പ്ലേറ്റിലേക്ക് തട്ടും,
കൂട്ടിനു മുളക് ചമ്മന്തിയും കട്ടന്‍ ചായയും. മഴയും കൂടെ ഉണ്ടെങ്കില്‍...
ആഹഹ !

**ഹോംലി മീല്‍സ്


ഉച്ചയ്ക്ക് മീന്‍ കറിയും കൂട്ടി നല്ല നാടന്‍ ഊണ് കഴിക്കണം

എന്നുണ്ടെങ്കില്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ എതിര്‍വശം "തൃപ്തി" യില്‍
പോവാം. മൂന്നു കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തുന്നതാണ്. വളരെ ന്യായമായ
രീതിയില്‍ നല്ല ഭക്ഷണം വിശ്വസിച്ചു കഴിക്കാം.

തിരക്ക് കൂടുതലാണെങ്കില്‍, നേരെ പനമ്പിള്ളി നഗറിലേക്ക് പോവാം. സെയില്‍

എക്സിക്യൂടിവ്സിനെ ലക്ഷ്യമിട്ട് കുടുംബങ്ങള്‍ നടത്തുന്ന ധാരാളം
സംരംഭങ്ങള്‍ അവിടെയുണ്ട്. 25 രൂപയ്ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാം.

**ബിരിയാണി


ലോകത്തിലെ ഏറ്റവും നല്ല മീന്‍ ബിരിയാണി കൊച്ചിയിലുണ്ട്‌.

ഒളിസങ്കേതത്തില്‍ പോവുന്നത് പോലെ വളരെ നിഗൂഡമായ വഴികളില്‍ മരചില്ലകളൊക്കെ
മാറ്റി യാത്ര ചെയ്തു, നമ്മളെത്തുന്നത്, വളരെ തിരക്കുള്ള പഞ്ചാബി ധാബ
മോഡല്‍ സ്ഥലത്തേക്കാണ്‌. കചെരിപ്പടിയിലുള്ള കേരള ട്രാന്‍സ്പോട്ട്
കോര്‍പറേഷന്‍ ക്യാന്‍റ്റീന്‍. ഹൈ കോട്ടില്‍ നിന്നും കചെരിപ്പടിയിലേക്ക്
വരുമ്പോള്‍ സെന്റ്‌ ആല്‍ബര്‍ട്സ് കോളേജു കഴിഞ്ഞ് വലതെക്കുള്ള റോഡ്‌
മുന്നോട്ടു വരുമ്പോ, കെ.റ്റി,സി എന്നെഴുതിയത് കാണും. ആ ഗേറ്റിലൂടെ
പോവുന്നവരെ പിന്തുടരുക. സ്തീകള്‍ക്ക് ചെന്നിരുന്നു കഴിക്കുവാനുള്ള
സൌകര്യമില്ല... പാഴ്സല്‍ വാങ്ങാം.

(മേല്‍ പറഞ്ഞ സ്ഥലത്തെ പാചകക്കാരനെ ചാടിച്ച്‌ ബിനിസസ് തുടങ്ങാനുള്ള

സുഹൃത്തുക്കളുടെ ആശയം മുതലാളിയുടെ മാമയാണ് ആള്‍ എന്നറിഞ്ഞപ്പോ
ഉപേക്ഷിക്കുകയുണ്ടായി)

കുടുംബത്തോടെ മലയാള നാടിനെ പറ്റിയൊക്കെ സംസാരിച്ചിരുന്നു ബിരിയാണി

കഴിക്കാന്‍ ആണെങ്കില്‍ ദര്‍ബാര്‍ ഹോളിനു എതിര്‍വശം കായീസില്‍ പോവാം.
മട്ടാന്ചെരിയിലാണ് കായിക്ക പെരെടുത്തതെങ്കിലും, ഇവിടെ ചെമ്പ് വരുന്നതും
അവിടന്ന് തന്നെയാണ്. സുലൈമാനി കഴിക്കാന്‍ മറക്കരുത്.

**മീന്‍


കൊച്ചിയില്‍ വന്നു മീന്‍ കഴിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ഓടി പോവുന്നത്

ഫോട്ടുകൊചിയിലെക്കാണ്. പിടയ്ക്കുന്ന മീന്‍ ചൂണ്ടി കാട്ടി നമ്മള്‍
ആവശ്യപെടുന്നത് പോലെ പാചകം ചെയ്തു കഴിക്കുമ്പോള്‍ സ്വന്തം വീടും പറമ്പും
ഹോട്ടലുകാരന് എഴുതികൊടുക്കാനുള്ള സന്തോഷം തോന്നും മനസ്സില്‍. അതെ സന്തോഷം
കാശ് മുടക്കാതെ തോമസ് മാഷിന്റെ നാടായ കുമ്പളങ്ങിയില്‍ കിട്ടും.

ഫോട്ടുകൊചിയില്‍ നിന്നും 10 കിലോമീട്ടരിനുള്ളിലെ ദൂരമുള്ളൂ.. "കുമ്പളങ്ങി

ടൂറിസം ഗ്രാമത്തിലേക്ക് സ്വാഗതം" എന്നാ ബോഡും കടന്നു പാലം ഇറങ്ങി ഇടതു
വശത്തേക്ക് യൂടേണ്‍ എടുത്തു താഴെക്കിറങ്ങുക. വാഹനം പാര്ക് ചെയ്തു അഞ്ചു
രൂപാ പാസ്സുമെടുത്തു പാര്കിലേക്ക് കയറിയാല്‍, പഞ്ചായത്ത് നടത്തുന്ന ഭക്ഷണ
ശാലയുണ്ട്. അഞ്ചു മണിക്ക് തുറക്കും. ചിരട്ടപുട്ടും മീനും കായലും
നോക്കിയിരുന്നു കഴിക്കാം.

**കേത്തല്‍ ചിക്കന്‍


ആസ്തിയുള്ള ഏതു മദ്യപാനികളെയും പല പെഗ്ഗ് കൂടുതല്‍ അടിപ്പിക്കാന്‍

"കേത്തല്‍" ചിക്കന് കഴിയും. മസാലയും ഉണക്കമുളകും ഇട്ടു എരിവു കൂട്ടി
എടുക്കുന്ന കേത്തല്‍ ചിക്കന്റെ കൂട്ട് അതീവ രഹസ്യമാണെന്ന്
അവകാശപ്പെടുന്നു. കലൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു എതിര്‍വശം
റഹ്മാനിയ റെസ്റ്റൊരന്ട്ടില്‍ കേത്തല്‍ ചിക്കന്‍ ലഭിക്കും. ഓഡര്‍ ചെയ്ത
ശേഷം നോര്‍ത്ത് പാലത്തിനു കീഴിലുള്ള ബിവരെജില്‍ നിന്നും കുപ്പി എടുത്തു
വരുമ്പോഴേക്കും കേത്തല്‍ ചൂടോടെ റെഡി ! ചപ്പാത്തിയോ അപ്പമോ കൂടെ
വാങ്ങാം..

1 comment: